വിഴിഞ്ഞം◾ അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട രണ്ടു കോളജ് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. രണ്ടാമത്തെയാളെ കാണാതായി. ഇന്നലെ ഉച്ചയ്ക്ക് 12ന് നടന്ന അപകടത്തിൽ വെങ്ങാനൂർ പനങ്ങോട് ഗോകുലത്തിൽ ഗോപ കുമാർ– ഉമാ ദേവി ദമ്പതികളുടെ മകൻ ജീവൻ(25) ആണ് മരിച്ചത്. പാറ്റൂർ ചർച്ച് വ്യൂ ലൈനിൽ അശ്വതിയിൽ അളകരാജന്റെ മകൻ ശ്രീപാർത്ഥ സാരഥി(21)യ്ക്കായി തിരച്ചിൽ തുടരുകയാണ്. കാഞ്ഞിരംകുളം ഗവ കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം വർഷ എംഎ സോഷ്യോളജി വിദ്യാർഥികളാണ് ഇരുവരും.
ക്ലാസിലെ മറ്റൊരു കൂട്ടുകാരൻ ഉൾപ്പെടെ മൂന്നംഗ സംഘം തീരത്തെ് എത്തിയതിൽ രണ്ടു പേർ കുളിക്കാനിറങ്ങി. പെട്ടെന്നുണ്ടായ വലിയ തിരയിൽ ഇവർ പെട്ടതോടെ കരയിൽ നിന്ന വിദ്യാർഥി ബഹളം വച്ചു. ടൂറിസം വിഭാഗത്തിലെയും സ്വകാര്യ റിസോർട്ടിലെയും ലൈഫ് ഗാർഡുമാരും തീരത്ത് പരിശീലനത്തില് ഏർപ്പെട്ടിരുന്ന കരസേനാ അംഗങ്ങളും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തി. ശ്രമപ്പെട്ടു കരയിലെത്തിച്ച ജീവനു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സേനയുടെ ആംബുലൻസിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.
കോളജിൽ അവസാന വർഷ വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങായിരുന്നു. ഇതിൽ ഉച്ച കഴിഞ്ഞു പങ്കെടുക്കാമെന്നു കരുതി കടൽക്കുളിക്കായി എത്തുകയായിരുന്നുവെന്നു ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു. ജീവന്റെ മൃതദേഹം മോർച്ചറിയിൽ.സഹോദരൻ ഗോകുൽ.
കടലിൽ കാണാതായ ശ്രീപാർത്ഥസാരഥിക്കായി കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ വിപിൻ, എസ്ഐ കെ.ജി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ബോട്ടിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസും തിരച്ചിൽ നടത്തുന്നുണ്ട്. അദാനി തുറമുഖ നിർമാണ കമ്പനിയുടെ ടഗും തിരച്ചിലിനെത്തിയിരുന്നുവെന്നു പൊലീസ് അറിയിച്ചു.
Story Highlights: Two college students drowned at Vizhinjam beach, one died and another is missing.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ