നീണ്ട 20 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. അമേരിക്കയിലെ ടെക്സസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
നൈജീരിയയിലെ എയർപോർട്ടിൽ നിന്നും വന്ന വ്യക്തിയിലാണ് അണുബാധ കണ്ടെത്തിയത്. ഈ വ്യക്തി യാത്ര ചെയ്ത വിമാനത്തിലെ മറ്റു യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുകയാണെന്നും രോഗബാധിതനായ വ്യക്തി സുഖം പ്രാപിച്ചുവരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
1958ലാണ് ലോകത്ത് ആദ്യമായി മങ്കി പോക്സ് കണ്ടെത്തിയത്. തുടർന്ന് മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിരുന്നു എന്നാൽ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പനി, തൊണ്ടവേദന, തലവേദന, പേശി വേദന, കുളിര് തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ. പനി ബാധിച്ച് മൂന്നു ദിവസത്തിനുള്ളിൽ ദേഹത്ത് ചുവന്ന പാടുകൾ വരുകയും ശരീരം മുഴുവനും വ്യാപിക്കുകയും ചെയ്യും.
രോഗബാധ ശരീരത്തിൽ ശരാശരി രണ്ടാഴ്ച മുതൽ നാല് ആഴ്ച വരെ നിൽക്കാൻ സാധ്യതയുണ്ട്. ആഫ്രിക്കയിൽ രോഗം ബാധിച്ചവരിൽ പത്തിൽ ഒരാൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്.
മങ്കി പോക്സ് ബാധിച്ച മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽനിന്ന് ശരീര സ്രവങ്ങൾ വഴിയും അണുബാധ ഏറ്റ വസ്തുക്കൾ വഴിയും രോഗം പകരാം. കോവിഡിന്റെതുപോലെ ശാരീരിക അകലവും മാസ്കും ശുചിത്വവുമാണ് മങ്കി പോക്സ് വരാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾ.
നിലവിൽ കൃത്യമായ ചികിത്സാരീതിയും മരുന്നും മങ്കി പോക്സിനെതിരെ കണ്ടെത്തിയിട്ടില്ല. അമേരിക്കയിൽ വസൂരിക്ക് എതിരെയുളള വാക്സിനാണ് മങ്കി പോക്സിനും ഉപയോഗിക്കുന്നത്.
Story Highlights: Monkey pox reported in America.