മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, അനുമതിയില്ലാത്ത മറ്റ് വിദ്യാലയങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും പ്രവർത്തിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അടുത്തകാലത്തായി ചില വിദ്യാലയങ്ങൾ ഈ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്സ് പ്ലേ സ്കൂൾ അത്തരത്തിലുള്ള ഒരു സ്ഥാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ക്ലാസിൽ ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകാത്തതിനാലാണ് കുട്ടിയെ ചൂരൽ കൊണ്ട് തല്ലിയത്. വീട്ടിലെത്തിയ കുട്ടിയുടെ മുതുകിൽ നിരവധി പാടുകൾ കണ്ടതോടെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 118 (1), ജെജെറ്റിലെ 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Minister orders closure of Mattancherry play school after teacher beats 3.5-year-old student