എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരം മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി. കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കുറ്റപത്രം കൈമാറാൻ ഉത്തരവിട്ടത്. കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.
മാസപ്പടി ഇടപാടിൽ 2024 മാർച്ച് മാസത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെഎസ്ഐഡിസി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇഡിയുടെ നീക്കങ്ങൾക്ക് താൽക്കാലികമായി വേഗത കുറഞ്ഞിരുന്നു. എന്നാൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതോടെ ഇഡി അന്വേഷണം വീണ്ടും സജീവമായി.
കുറ്റപത്രത്തിൽ പേരുള്ളവരെ ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി കടക്കും. ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിനി ഐആർഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റപത്രത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം എറണാകുളം അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. വീണ, ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.
അടുത്ത ആഴ്ചയോടെയാണ് സമൻസ് അയക്കുക. കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാകേണ്ടി വരും. കോടതിയിൽ ഹാജരാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും.
Story Highlights: The SFIO submitted the chargesheet in the ‘masapadi’ case to the ED following a court order.