കര്ണാടകയിലെ മംഗളൂരുവില് ദാരുണമായ സംഭവം അരങ്ങേറി. 32 വയസ്സുള്ള ബാങ്ക് ജീവനക്കാരനായ കാര്ത്തിക് ഭട്ട് തന്റെ 28 വയസ്സുകാരിയായ ഭാര്യ പ്രിയങ്കയേയും നാലു വയസ്സുള്ള മകന് ഹൃദ്യനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മൂര്ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടര്ന്ന് കാര്ത്തിക് ട്രെയിനിന് മുന്നില് ചാടി ജീവനൊടുക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില് സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഈ കടുംകൈക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. മരണത്തിന് ആരും കാരണക്കാരല്ലെന്നും അന്തിമ കര്മ്മങ്ങള് മാതാപിതാക്കളേക്കൊണ്ട് ചെയ്യിക്കരുതെന്നും കുറിപ്പില് പറഞ്ഞിരുന്നു. കാര്ത്തികിന്റെ വീട്ടുകാരുമായി ദമ്പതികള് പിണക്കത്തിലായിരുന്നു. ഇതിനേ തുടര്ന്ന് കുടുംബ വീട്ടിലെ തന്നെ ഒരു മുറിയില് തനിച്ചായിരുന്നു ഇവര് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ മൂന്ന് വര്ഷമായി ഒരേ വീട്ടില് താമസിച്ചിരുന്നെങ്കിലും കാര്ത്തികിന്റെ മാതാപിതാക്കളുമായി ദമ്പതികള് സംസാരിച്ചിരുന്നില്ല. വെള്ളിയാഴ്ച പിതാവ് ഹോട്ടലിലേക്ക് പോയതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം നടന്നത്. പക്ഷികെരെയില് വച്ച് ട്രെയിനിടിച്ച് മരിച്ചത് കാര്ത്തിക് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്ന്ന് ഇവര് താമസിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പ്രിയങ്കയും ഹൃദ്യനും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പോസ്റ്റ് മോര്ട്ടത്തിന് ശേഷം മൃതദേഹങ്ങള് പ്രിയങ്കയുടെ മാതാപിതാക്കള്ക്ക് വിട്ടുനല്കുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
Story Highlights: Bank employee in Mangaluru kills wife and son before committing suicide due to financial troubles