**ദക്ഷിണ കന്നട◾:** ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് ദക്ഷിണ കന്നടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്ന് പേർക്ക് വെട്ടേറ്റതായും റിപ്പോർട്ടുകളുണ്ട്.
സുഹാസ് ഷെട്ടിയുടെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമങ്ങളും നടന്നു.
ഇന്നലെ അർദ്ധരാത്രിയിലും ഇന്ന് പുലർച്ചെയുമായി ഉഡുപ്പി, ദക്ഷിണ കന്നട മേഖലകളിലായി മൂന്ന് പേർക്ക് വെട്ടേറ്റു. നിരവധി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും.
2022-ൽ സൂറത്ത്കലിൽ നടന്ന ഫാസിലിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണോ ഈ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നു. ഈ കേസിൽ അടുത്തിടെയാണ് സുഹാസ് ഷെട്ടി ജാമ്യത്തിലിറങ്ങിയത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് ഫാസിൽ കൊല്ലപ്പെട്ടത്.
കർണാടക പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ട സുഹാസ് ഷെട്ടിക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സംഘർഷഭൂമിയാവുകയാണ് ദക്ഷിണ കന്നട മേഖല. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഭീതിയിലാണ്.
Story Highlights: Following the murder of former Bajrang Dal leader Suhas Shetty, tensions remain high in Mangaluru, with widespread violence reported.