തമിഴ്നാട്ടിലെ നാഗര്കോവിലില് സ്ത്രീധന പീഡനത്തെ തുടര്ന്ന് മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില് പുതിയ വഴിത്തിരിവ്. ഭര്തൃമാതാവ് ചെമ്പകവല്ലി ആശുപത്രിയില് ചികിത്സയിലിരിക്കെ മരണമടഞ്ഞു. കൊല്ലം പിറവന്തൂര് സ്വദേശിയായ 25 വയസ്സുകാരി ശ്രുതിയെയാണ് ഭര്ത്താവിന്റെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ചെമ്പകവല്ലിയും ജീവനൊടുക്കാന് ശ്രമിച്ചിരുന്നു.
ആറ് മാസം മുമ്പാണ് ശ്രുതിയുടെ വിവാഹം തമിഴ്നാട് വൈദ്യുതി ബോര്ഡ് ജീവനക്കാരനായ കാര്ത്തിക്കുമായി നടന്നത്. വിവാഹസമ്മാനമായി 10 ലക്ഷം രൂപയും 50 പവന് സ്വര്ണവും ശ്രുതിയുടെ വീട്ടുകാര് നല്കിയിരുന്നു. എന്നാല് സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാര്ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നതായി ശ്രുതിയുടെ ശബ്ദസന്ദേശത്തില് വ്യക്തമാക്കുന്നു. അമ്മായിയമ്മ എച്ചില്പാത്രത്തില് നിന്ന് ഭക്ഷണം കഴിക്കാന് നിര്ബന്ധിച്ചതായും ശ്രുതി വെളിപ്പെടുത്തി.
വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണെന്നും, എന്നാല് മടങ്ങിപ്പോയി വീട്ടുകാര്ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറഞ്ഞു. അമ്മയുടെ കുത്തുവാക്കുകള്ക്ക് മുന്നില് കാര്ത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തി. കുടുംബത്തിന്റെ പരാതിയില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് ശ്രുതിയുടെ കുടുംബത്തിന്റെ സ്ഥിരതാമസം.
Story Highlights: Malayali college teacher commits suicide in Tamil Nadu over dowry harassment, mother-in-law dies after suicide attempt