മലപ്പുറത്തെ സ്കൂൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വകുപ്പുതല നടപടികൾക്കായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവന്നിരിക്കുന്നു. ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസിന് വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള ഡി ഇ ഒ ഗീതാകുമാരി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള MS സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന്റെ പങ്ക് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ഈ യൂട്യൂബ് ചാനലിലൂടെ ചോർന്നത്. MS സൊല്യൂഷൻസ് CEO മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഷുഹൈബിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അറസ്റ്റിലായ പ്യൂൺ അബ്ദുൽ നാസറിനെയും നേരത്തെ പിടിയിലായ എം എസ് സൊല്യൂഷൻസിലെ അധ്യാപകനും മഅ്ദിൻ സ്കൂളിലെ മുൻ പ്രധാനാധ്യാപകനുമായ ഫഹദിനെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് ഫഹദിന് അയച്ചു കൊടുത്തത് അബ്ദുൽ നാസറാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചിരുന്നത്. MS സൊല്യൂഷൻസുമായി ഇവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
കേസിലെ മറ്റൊരു പ്രതിയായ MS സൊല്യൂഷൻസിലെ അധ്യാപകൻ ജിഷ്ണു നിലവിൽ റിമാൻഡിലാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്യൂൺ അബ്ദുൽ നാസറിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ എല്ലാ പിന്തുണയും നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. വകുപ്പുതല നടപടികൾക്കൊപ്പം സ്കൂൾ തലത്തിലും നടപടികൾ സ്വീകരിക്കും.
Story Highlights: Department-level action suggested in Malappuram school exam paper leak case.