പ്രശസ്ത സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ആർ.ജി. വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞിറയിൽ നടന്ന വാഹന പരിശോധനയിലാണ് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഇയാൾ പിടിയിലായത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് രഞ്ജിത്ത്.
എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ പരിശോധനയുടെ ഭാഗമായാണ് മൂലമറ്റം എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും നടപടിയിൽ പങ്കെടുത്തു.
വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. അതീവ വീര്യമേറിയ 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. രഞ്ജിത്തിനെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
Story Highlights: Renowned makeup artist RG Wayanadan, also known as Ranjith Gopinathan, was apprehended with 45 grams of hybrid cannabis during a vehicle inspection in Moolamattom, Idukki.