പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ രണ്ടാം ദിനത്തിൽ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. രാവിലെ 6.15ന് ആരംഭിച്ച അമൃതസ്നാനത്തിൽ രാവിലെ 10 മണി വരെ 1.38 കോടി ഭക്തർ പങ്കെടുത്തു. മകരസംക്രാന്തി ദിനമായ ഇന്ന് മൂന്ന് കോടി ഭക്തർ പ്രയാഗ്രാജിലെത്തുമെന്നാണ് കണക്കുകൂട്ടൽ. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള.
മഹാകുംഭമേളയുടെ ആദ്യദിനത്തിൽ 1.50 കോടി വിശ്വാസികൾ പ്രയാഗ്രാജിലെത്തിയെന്നും സ്നാനത്തിൽ പങ്കെടുത്ത എല്ലാ ഭക്തർക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. ആദ്യദിനത്തിലെ ഭക്തരുടെ കണക്കും മുഖ്യമന്ത്രി പങ്കുവച്ചു. ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മഹോത്സവമാണ് പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള.
ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തജനങ്ങളാണ് പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. 13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ സ്നാനം ഏറെ സവിശേഷതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഖാരികൾ എത്തുന്ന സമയവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു.
ഇത്തവണ 45 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. മകരസംക്രാന്തി ദിനത്തിൽ അതിരാവിലെ തന്നെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മഹാകുംഭമേളയുടെ രണ്ടാം ദിനത്തിൽ ഭക്തജനങ്ങളുടെ വൻ ഒഴുക്കാണ് കാണാൻ സാധിച്ചത്.
Story Highlights: 1.38 crore devotees took a holy dip at the Maha Kumbh Mela in Prayagraj by 10 am on the second day.