
കൊച്ചി: മോൺസൺ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായ മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി അവധിയിലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്.
വിവാദത്തെ തുടർന്ന് കേസന്വേഷണം പൂർത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയിലാണ് അദ്ദേഹം അവധിയിലാണെന്ന വിവരം പുറത്തുവരുന്നത്.
ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോൺസന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക്’ മോൺസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ബെഹ്റയുടെ നിർദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്.
സാധാരണയായി ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകൾക്കുമുന്നിൽ ഇത് വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.
വിവാദങ്ങൾക്കു ശേഷം ഇതുവരെയും ബെഹ്റ ഓഫീസിൽ എത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി മെട്രോയുടെ ഓഫീസിലെത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള വിവരം.
Story highlight : loknath bahera not coming to his office