കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ അസിസ്റ്റന്റ് ലേബർ കമ്മീഷണർ അജിത് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. ഇന്ന് ഉച്ചയ്ക്ക് ലേബർ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജിത് കുമാർ പിടിയിലായത്. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്.
യുപി സ്വദേശിയായ അജിത് കുമാറിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. വീട്ടിൽനിന്ന് രണ്ടര ലക്ഷം രൂപയും 30 പവന്റെ സ്വർണവും കണ്ടെടുത്തു. കൈക്കൂലി വാങ്ങി സൂക്ഷിച്ച പണമാണ് പിടികൂടിയതെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി.
ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കൈക്കൂലി വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അറസ്റ്റിലായ അജിത് കുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Story Highlights: Vigilance arrests Assistant Labour Commissioner for accepting bribe, seizes 2.5 lakh rupees and gold from his house