കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടുവച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടറ സ്വദേശിയായ അരുണിനെയും പെരുമ്പുഴ സ്വദേശിയായ രാജേഷിനെയുമാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിലായിരുന്നു എന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും ആളുകൾക്ക് ജീവഹാനി വരുത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് എഫ്ഐആറിൽ പറയുന്നു.
പുലർച്ചെ 1.30 ഓടെയാണ് കുണ്ടറ ആറുമുറിക്കടക്ക് സമീപം റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ആദ്യം കൊണ്ടുവച്ചത്. സമീപവാസികളും പോലീസും ചേർന്ന് പോസ്റ്റ് നീക്കം ചെയ്തെങ്കിലും 3 മണിയോടെ വീണ്ടും ട്രാക്കിൽ കൊണ്ടുവച്ചു. പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുൻപാണ് പോസ്റ്റ് വീണ്ടും കണ്ടെത്തി നീക്കം ചെയ്തത്. ഇതോടെയാണ് ട്രെയിൻ അട്ടിമറി ശ്രമമാണോ എന്ന സംശയം ബലപ്പെട്ടത്.
കാസ്റ്റ് അയൺ വേർപ്പെടുത്തി വിൽക്കാൻ വേണ്ടിയാണ് പോസ്റ്റ് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതികളുമായി അന്വേഷണ സംഘം റെയിൽവേ ട്രാക്കിൽ തെളിവെടുപ്പ് നടത്തി. പ്രതികൾക്ക് മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുണ്ടറ പോലീസ് അറിയിച്ചു.
എൻഐഎ സംഘവും പ്രതികളെ ചോദ്യം ചെയ്തു. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സമീപവാസി കണ്ടില്ലായിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
ആർപിഎഫിന്റെ ക്രൈംബ്രാഞ്ച് സംഘവും കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾ കൃത്യം നടത്തിയത് ആളുകളുടെ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു.
Story Highlights: Two arrested in Kundara for placing a telephone post on railway tracks, potentially endangering lives.