പാർലമെന്റ് മൻസൂൺ സമ്മേളനത്തിൽ പാസാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പുമായി കേരളം രംഗത്തെത്തി.
രേഖാമൂലമുള്ള എതിർപ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് 10ന് നിയമഭേദഗതിക്കെതിരെ പണിമുടക്ക് നടത്താനാണ് സംസ്ഥാനത്തെ കെഎസ്ഇബി ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്.
വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് കടന്നുവരാനുള്ള സാഹചര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ വന്നാൽ ഒരു പ്രദേശത്ത് തന്നെ ഒന്നിൽ കൂടുതൽ കമ്പനികൾക്ക് വൈദ്യുതിവിതരണം സാധ്യമാകും.
കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം നടത്താനും സ്വകാര്യ മേഖലകൾക്ക് അനുമതി ലഭിക്കും. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് ഇവരെ നിയന്ത്രിക്കാനാകില്ല.
ഇത്തരം ഭേദഗതികൾ സംസ്ഥാനത്തിനും കെഎസ്ഇബി ജീവനക്കാർക്കും വരെ ഭീഷണിയാകുമെന്നാണ് സംസ്ഥാനത്തിന്റെ വാദം. കേന്ദ്രത്തിനുള്ളതുപോലെ വൈദ്യുതി വിഷയത്തിൽ തുല്യ അധികാരമുള്ള സംസ്ഥാനങ്ങളോട് അഭിപ്രായം പോലും ചോദിക്കാതെയാണ് കേന്ദ്രത്തിന്റെ നീക്കം.
അതേസമയം ഇത്തരം സ്വകാര്യകമ്പനികൾ വന്നാൽ ലാഭം ലഭിക്കുന്ന പ്രദേശങ്ങളെയും ഉപയോക്താക്കളെയും തിരഞ്ഞെടുക്കാൻ ഇവർക്ക് സാധിക്കും. കൂടാതെ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമായി നിലവിൽ ലഭിക്കുന്ന സബ്സിഡി പൂർണമായും ഒഴിവാക്കിയേക്കും.
Story Highlights: KSEB against electricity amendment act.