**മഞ്ചേരി◾:** കൃഷ്ണപ്രിയ കൊലപാതകക്കേസിലെ പ്രതിയെ വധിച്ച പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. ചാരങ്കാവ് തെക്കേവീട്ടിൽ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. 2001 ഫെബ്രുവരി 9 നാണ് ഏഴാം ക്ലാസുകാരിയായിരുന്ന കൃഷ്ണപ്രിയയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കൃഷ്ണപ്രിയ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ആയിരുന്നു കേസിലെ പ്രതി. പ്രതിയെ പിന്നീട് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തി.
2002 ജൂലൈ 27-ന് ജാമ്യത്തിലിറങ്ങിയ പ്രതിയെയാണ് ശങ്കരനാരായണൻ വധിച്ചത്. ഈ കേസിൽ മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവ് വിധിച്ചിരുന്നു. എന്നാൽ, 2006 മെയ് മാസത്തിൽ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. കൃഷ്ണപ്രിയയുടെ കൊലപാതകം അന്ന് കേരളത്തെ നടുക്കിയ സംഭവമായിരുന്നു.
Story Highlights: Sankaranarayanan, who killed the accused in the Krishnapriya murder case, passed away at his residence in Manjeri.