നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ 58 ദിവസങ്ങൾക്കുശേഷം ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 2019-ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര, അയൽവാസികളായ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുടുംബം തകരാൻ കാരണം അയൽവാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് കൊലപാതകത്തിന് പ്രേരണയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
ചെന്താമര ഇടംകൈയ്യൻ ആണെന്നും, എന്നാൽ രണ്ട് കൈകൾക്കും ഒരുപോലെ ശക്തിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. എലവഞ്ചേരിയിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ വാങ്ങിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊടുവാളിലെ രക്തക്കറയും ചെന്താമരയുടെ വസ്ത്രത്തിലെ രക്തക്കറയും ശാസ്ത്രീയ തെളിവുകളായി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ട സാക്ഷിയുടെ മൊഴിയാണ് കേസിലെ നിർണായക തെളിവ്. അന്വേഷണ ഘട്ടത്തിൽ പല സാക്ഷികളും കൂറുമാറിയ സാഹചര്യത്തിൽ, ഇവരുടെ ഗൂഗിൾ ടൈംലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ശേഖരിക്കാൻ കഴിഞ്ഞതിനാലാണ് 58 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരൻ പറഞ്ഞു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Chargesheet filed in Nenmara double murder case after 58 days of investigation.