കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ്ങ് ക്രൂരതയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഹോസ്റ്റലിൽ നടന്ന റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.
സഹ്യാദ്രി റൈറ്റ്സ് ഫോറം നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. സ്വീകരിച്ച നടപടികൾ എന്തെന്ന് 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. കട്ടിലിൽ കെട്ടിയിട്ട് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദേഹമാസകലം ലോഷൻ പുരട്ടിയ ശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കരഞ്ഞു നിലവിളിക്കുന്ന വിദ്യാർത്ഥിയുടെ വായിലും കണ്ണിലും ലോഷൻ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൈകാലുകൾ കെട്ടിയിട്ട നിലയിൽ കട്ടിലിൽ കിടത്തിയാണ് സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങ് നടത്തിയത്.
കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണടച്ചോ എന്ന് സീനിയർ വിദ്യാർത്ഥികൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വയറിന്റെ ഭാഗത്ത് ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഞ്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ (20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ് (22), വയനാട് നടവയൽ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോളേജിൽ നിന്ന് അഞ്ച് പ്രതികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർത്ഥികളാണ് അറസ്റ്റിലായവർ.
Story Highlights: The National Human Rights Commission has intervened in the Kottayam nursing college ragging case, issuing a notice to the state police chief after a video of the incident surfaced.