കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്ങ് വിവാദത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവുകൾ. റാഗിങ്ങിനിരയായതായി നാല് വിദ്യാർത്ഥികൾ കൂടി പരാതിയുമായി രംഗത്തെത്തി. കേസിലെ നിർണായക തൊണ്ടിമുതലുകളായ കോമ്പസും ഡംബെലും പോലീസ് കണ്ടെടുത്തു. റാഗിങ്ങിനിരയായ ഇടുക്കി സ്വദേശി ലിബിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് വിദ്യാർത്ഥികൾ കൂടി റാഗിങ്ങിനിരയായതായി വെളിപ്പെടുത്തിയത്. ഈ വിദ്യാർത്ഥികൾ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ, സീനിയർ വിദ്യാർത്ഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
റാഗിങ്ങ് സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എ.ടി, അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസർ അജീഷ് പി. മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. റാഗിങ്ങ് തടയുന്നതിലും ഇടപെടുന്നതിലും ഇവർ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. കേസിലെ പ്രതികളായ കെ.പി. രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്. ജീവ, സി. റിജിൽ ജിത്ത്, എൻ.വി. വിവേക് എന്നിവർ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും പിന്നിലെന്നാണ് വിവരം. കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറിയാണ് കെ.പി. രാഹുൽ രാജ്.
കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചതായും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. റാഗിങ്ങിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ അതിക്രൂരമാണെന്ന് മനസ്സിലാകുമെന്നും കുട്ടികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. വിദ്യാർത്ഥിയെ കെട്ടിയിട്ട് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി ഉപദ്രവിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ.
കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിവിലും കാലിലും ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാലുകളിൽ കോമ്പസ് കൊണ്ട് ആഴത്തിൽ കുത്തുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയും. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
Story Highlights: Four more students have come forward with complaints of ragging at the Kottayam Nursing College, and the police have recovered a compass and dumbbell used in the incident.