കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സീനിയർ വിദ്യാർഥികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 11നാണ് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്തതിന് പ്രതികളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഈ കേസിലെ പ്രതികളായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ വിദ്യാർത്ഥികളെ ഏറ്റുമാനൂർ മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
നഴ്സിങ് കൗൺസിൽ ഗവൺമെന്റ് നഴ്സിങ് കോളേജ് അധികൃതർക്കും, സംസ്ഥാന ആരോഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. റാഗിങ്ങിൽ പങ്കാളികളായ വിദ്യാർത്ഥികൾ നഴ്സിങ് പഠനത്തിന് അർഹരല്ലെന്നും തുടർപഠനത്തിൽ നിന്നും വിലക്കണമെന്നുമാണ് നിർദ്ദേശം. ഈ സംഭവത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു.
Story Highlights: Bail application of the accused in the Kottayam Gandhinagar Government Nursing College ragging case will be considered today.