കോതമംഗലത്തെ ഒരു വീട്ടിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്കാനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോതമംഗലം ഇരുമലപടിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് വ്യക്തമായി. ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്ക്കാൻ മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാൻ പൊലീസിന് നൽകിയ മൊഴി. കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Story Highlights: 6-year-old girl murdered in Kothamangalam; Father and foster mother in custody