കോതമംഗലം നെല്ലിക്കുഴിയിൽ ഉത്തർപ്രദേശ് സ്വദേശിയായ ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പുതുപ്പാലം പ്രദേശത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്കാനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം ആദ്യം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും, മരിച്ച മുസ്കാനും മറ്റൊരു കുട്ടിയും വേറൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാൻ പറഞ്ഞത്.
സംഭവം അറിഞ്ഞ് കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ സംശയം തോന്നിയതിനാൽ പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയെയും പൊലീസ് നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Story Highlights: Six-year-old UP native girl found dead in Kothamangalam; post-mortem reveals murder by suffocation