കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ ട്രെയിൻ അട്ടിമറിക്കാനും ജീവഹാനി വരുത്താനുമായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. കുണ്ടറ ആറുമുറിക്കടയിൽ റോഡിനോട് ചേർന്ന് കിടന്ന ടെലിഫോൺ പോസ്റ്റാണ് പ്രതികളായ അരുണും രാജേഷും ചേർന്ന് പുലർച്ചെ റെയിൽവേ പാളത്തിന് കുറുകെ കൊണ്ടിട്ടത്. പാളത്തിൽ നിന്നും ആദ്യം പോസ്റ്റ് നീക്കം ചെയ്തതിന് ശേഷം വീണ്ടും മറ്റൊരിടത്ത് പ്രതികൾ പോസ്റ്റ് കൊണ്ടിട്ടെന്നാണ് കുണ്ടറ പൊലീസിന്റെ സംശയം.
പ്രതികളുടെ ഉദ്ദേശം സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്. ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടു വെച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ ഇത് പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല.
പാളത്തിൽ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവ് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് കുണ്ടറ സ്വദേശികളായ അരുണും രാജേഷും.
പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പാളത്തിൽ പോസ്റ്റ് വെച്ച രീതി ഇരുവരും വിവരിച്ചു. കേരള പൊലീസും എൻഐഎയും റെയിൽവേയുടെ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു.
പ്രതികളെ റിമാൻഡ് ചെയ്യും. ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും പ്രാഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ട്രെയിൻ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് കുണ്ടറ പൊലീസിന്\u200dറെ എഫ്ഐആറിൽ പറയുന്നു.
Story Highlights: Two individuals were arrested for placing a telephone pole across railway tracks in Kollam, Kerala, with the alleged intent to derail a train and cause harm.