**കൊല്ലം◾:** സ്ത്രീധന പീഡനത്തെ തുടർന്ന് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി എസ് സുഭാഷ് വിധിച്ചു. 2013-ൽ വിവാഹിതരായ തുഷാരയെന്ന 28-കാരിയെയാണ് ഭർത്താവ് ചന്തുലാലും മാതാവ് ലാലിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
വിവാഹ വാഗ്ദാനത്തിൽ ഉൾപ്പെട്ടിരുന്ന സ്ത്രീധനത്തിന്റെ ബാക്കി തുക നൽകാത്തതിന്റെ പേരിൽ തുഷാരയ്ക്ക് കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം രൂപ നൽകാമെന്ന് കാണിച്ച് രേഖാമൂലം കരാറും തുഷാര ഒപ്പിട്ടു നൽകിയിരുന്നു. ഈ തുക ആവശ്യപ്പെട്ട് മൂന്ന് മാസത്തിനു ശേഷം തുഷാരയെയും കുടുംബത്തെയും ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു തുടങ്ങി.
സ്വന്തം കുടുംബവുമായുള്ള ബന്ധം പോലും പ്രതികൾ തുഷാരയ്ക്ക് നിഷേധിച്ചു. രണ്ട് പെൺമക്കളെ പോലും മാതാപിതാക്കളെ കാണാൻ അനുവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും തുഷാരയെ പ്രതികൾ അനുവദിച്ചില്ല. 2019 മാർച്ച് 21-ന് രാത്രി തുഷാര മരണപ്പെട്ടതായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ വഴിയാണ് പിതാവിന് വിവരം ലഭിക്കുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ തുഷാരയുടെ മൃതദേഹം അത്യന്തം ദയനീയമായ അവസ്ഥയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. 21 കിലോഗ്രാം മാത്രമായിരുന്നു മൃതദേഹത്തിന്റെ ഭാരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല.
തൊലി എല്ലിനോട് ചേർന്ന് മാംസം പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. വയർ ഒട്ടി വാരിയെല്ലുകൾ തെളിഞ്ഞ് കാണാമായിരുന്നു. ശാസ്ത്രീയ തെളിവുകൾക്ക് പുറമെ അയൽക്കാരുടെയും മൂത്തമകളുടെ അധ്യാപികയുടെയും മൊഴികളും കേസിൽ നിർണായകമായി.
മൂത്തമകളെ നഴ്സറിയിൽ ചേർക്കുമ്പോൾ അമ്മ കിടപ്പുരോഗിയാണെന്നാണ് പ്രതികൾ അധ്യാപികയോട് പറഞ്ഞിരുന്നത്. തുഷാരയുടെ പേര് പറയാതെ രണ്ടാം പ്രതിയുടെ പേരാണ് കുട്ടിയുടെ അമ്മയുടെ പേര് എന്നും അവർ അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചു. ഐ.പി.സി 302, 304 B, 344, 34 വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്. അഡ്വ. കെ.ബി. മഹേന്ദ്ര പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിപിഒമാരായ അജിത്, വിദ്യ എന്നിവർ പ്രോസിക്യൂഷൻ എയ്ഡായിരുന്നു.
Story Highlights: A Kollam court found a husband and mother-in-law guilty of starving their daughter-in-law to death for dowry.