കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി തവണ ഇവർ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളുടെ രക്തസാമ്പിളുകളിൽ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഡോക്ടർ ശ്രീക്കുട്ടിയുടെ എം ബി ബി എസ് ബിരുദം അംഗീകാരമുള്ളതാണോയെന്നതും പൊലീസ് പരിശോധിക്കും. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ തേടും. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ വകുപ്പിന് പൊലീസ് കൈമാറുമെന്നും അറിയിച്ചു. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികൾ.
റിമാൻഡ് റിപ്പോർട്ടിൽ, ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
Story Highlights: Police investigate drug use and medical credentials in Kollam car accident case