കൊല്ലം മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി ഒരാളുടെ ജീവനെടുത്ത കേസിൽ പ്രതികളായ അജ്മലിനേയും ഡോക്ടർ ശ്രീകുട്ടിയേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പ്രതികളുടെ ചെയ്തി ക്രൂരമെന്നും, സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ വണ്ടി കയറ്റി ഇറക്കിയതെന്നും പറയുന്നു.
പ്രതികൾ സഞ്ചരിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി ബോണറ്റിൽ വീണതിന് ശേഷവും കയറ്റി ഇറക്കി വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടം നടക്കുമ്പോൾ രണ്ട് പേരും മദ്യലഹരിയിലും ലഹരി വസ്തുക്കൾ ഉപയോഗിച്ച നിലയിലുമായിരുന്നു. ഡോക്ടർ ആയിട്ടും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികൾ പരിചയപ്പെട്ടത് നാല് മാസം മുമ്പ് ആശുപത്രിയിൽ വെച്ചാണെന്നും, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതി അജ്മലിനെതിരെ പത്തനംതിട്ടയിൽ ചന്ദനതടി കടത്തിയ കേസ് ഉൾപ്പെടെ 7 കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിലും അജ്മൽ പ്രതിയാണ്. പ്രതികൾക്ക് സഹായിക്കാൻ ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കും.
Story Highlights: Two accused remanded in Kollam car accident case involving drunk driving and hit-and-run, resulting in one death