ജനുവരി 11 മുതൽ കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കൊൽക്കത്തയിലെ ബസന്തിയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുന്നു. പാടത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. വീടിനടുത്തുള്ള ചില ആൺകുട്ടികൾ പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതായി വിവരമുണ്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ പൊലീസിന് നിർണായക വിവരം ലഭിച്ചു. തിങ്കളാഴ്ച കുട്ടിയുടെ വീടിനു സമീപമുള്ള പാടത്ത് ഒരാളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഈ സൂചനയെത്തുടർന്ന് പൊലീസ് പാടത്ത് തിരച്ചിൽ നടത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാടത്തുനിന്ന് കണ്ടെടുത്ത മൃതദേഹം വിവസ്ത്രമായ നിലയിലായിരുന്നു. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായോ എന്ന സംശയമാണ് പൊലീസിനുള്ളത്. ലൈംഗികാതിക്രമത്തിനിരയായി കുഴിച്ചുമൂടപ്പെട്ടു എന്ന സംശയവും ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് സൂപ്രണ്ടന്റ് പലാഷ് ചന്ദ്ര ധാലി വ്യക്തമാക്കി.
കുറ്റവാളികളെ ഉടൻ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ജനുവരി 11നാണ് പെൺകുട്ടിയെ കാണാതായത്. കാണാതായ പെൺകുട്ടിയെ രണ്ട് ദിവസം വീട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Story Highlights: Body of missing 8th-grade girl found buried in a field in Basanti, Kolkata.