കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ ആർജി കർ മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൊൽക്കത്ത പോലീസ് എസ് എച് ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. ഈ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
അറസ്റ്റിലായ സന്ദീപ് ഘോഷിനെയും അഭിജിത് മോണ്ടലിനെയും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ നാളെ ഹാജരാക്കും. മെഡിക്കൽ കോളേജ് അഴിമതി കേസിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
Story Highlights: CBI arrests former principal of RG Kar Medical College in Kolkata doctor rape-murder case