കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരുടെ മൃതദേഹങ്ങളില്‍ ഇന്നലെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൂന്നുപേരുടെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തൃക്കാക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനീഷ് വിജയിയുടെയും സഹോദരി ശാലിനിയുടെയും മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ശകുന്തളയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരു എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ജാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അമ്മയും സഹോദരിയും കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് മനീഷിനൊപ്പം താമസിക്കാനെത്തിയത്. കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
ഒരാഴ്ചത്തെ അവധി കഴിഞ്ഞിട്ടും മനീഷ് ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ചെത്തിയിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീടിന്റെ കതക് പൊളിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മനീഷും കുടുംബവും ആരുമായും കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓഫീസിലും മനീഷ് അധികമാരുമായും സൗഹൃദം പുലര്‍ത്തിയിരുന്നില്ല. മൂന്ന് മുറികളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
**ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056**
Story Highlights: Three members of a family, including a Customs official, were found dead in their Kochi residence.