കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെയാണ് കത്ത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് എബ്രഹാം കത്തിൽ ആരോപിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹർജിക്കാരനായ ജോമോൻ പുത്തൻപൂരയ്ക്കലാണ് ഗൂഢാലോചനയിലെ പ്രധാനിയെന്നും കത്തിൽ പറയുന്നു. ജോമോനൊപ്പം രണ്ടു പേർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എബ്രഹാം ആരോപിക്കുന്നു.
ഗൂഢാലോചനയുടെ തെളിവുകൾ തനിക്കുണ്ടെന്നും കെ എം എബ്രഹാം കത്തിൽ വ്യക്തമാക്കി. കൊല്ലം കടപ്പാക്കടയിലെ വാണിജ്യ സമുച്ചയമാണ് കേസിലെ പ്രധാന വിഷയം. കെട്ടിടത്തിൽ എബ്രഹാമിനും ഉടമസ്ഥാവകാശമുണ്ടെന്ന് ഹൈക്കോടതിയിൽ ഹർജിക്കാരൻ തെളിയിച്ചിരുന്നു.
സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് കെ.എം എബ്രഹാമിന്റെ നീക്കം. ഇതിനായി അദ്ദേഹം അഭിഭാഷകരുമായി ആലോചന നടത്തി. കോടതി വിധിയനുസരിച്ച് രാജിവെച്ചാൽ ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് എബ്രഹാം പറയുന്നു.
സഹോദരന്മാരോടൊപ്പം കെട്ടിടം പണിയാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചില്ലെന്നും എബ്രഹാം പറഞ്ഞു. രാജിവെക്കില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും എബ്രഹാം വ്യക്തമാക്കി.
മുഖ്യമന്ത്രി തീരുമാനം പറഞ്ഞാൽ കിഫ്ബി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് പരിഗണിക്കാമെന്ന് കെ.എം. എബ്രഹാം പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എബ്രഹാമിന്റെ വാദത്തിന് സംസ്ഥാന സർക്കാരും പിന്തുണ നൽകുന്നുണ്ട്.
Story Highlights: KM Abraham alleges conspiracy against him in letter to CM Pinarayi Vijayan following CBI investigation order.