കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. നവംബർ 21 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെടാനും, നവംബർ 23 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
കോമറിൻ മേഖലയ്ക്ക് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയ്യുന്നതായി അറിയിപ്പുണ്ട്. ഇതിന്റെ ഫലമായി, ഇന്ന് (നവംബർ 20) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ മുതൽ ഇടത്തരം വരെയുള്ള മഴയ്ക്കു സാധ്യതയുണ്ട്.
Story Highlights: Yellow alert issued for several districts in Kerala, heavy rainfall expected