തൃശ്ശൂർ◾: കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്. ട്വന്റിഫോറിന് ലഭിച്ച ഈ രേഖകൾ, കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വ്യക്തമാക്കുന്നു. തമിഴ്നാട് ICAR റാങ്കിംഗ് വേണ്ടെന്ന് വെച്ച് എൻഇപി നടപ്പാക്കാതെ മാറി നിൽക്കുമ്പോഴാണ് കേരളത്തിലെ കാർഷിക സർവകലാശാലയിൽ ഇത് നടപ്പാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ‘ദീക്ഷാരംഭം’ എന്ന പേരിലാണ് ഓറിയന്റേഷൻ നൽകുന്നത്. എന്നാൽ, ഈ പേര് സ്വീകരിക്കുന്നതിനെതിരെ ബോർഡ് ഓഫ് സ്റ്റഡീസിൽ എതിർപ്പ് ഉയർന്നിരുന്നു. എതിർപ്പുകൾ മറികടന്ന് കേന്ദ്രം നൽകിയ പേര് കൃഷിവകുപ്പിന് കീഴിലുള്ള സർവ്വകലാശാല നടപ്പാക്കുകയായിരുന്നു. പരമ്പരാഗത മൂല്യങ്ങളിൽ ഊന്നിയുള്ള പഠനമാണ് നടത്തേണ്ടതെന്നും സിലബസ്സിൽ നിർദ്ദേശമുണ്ട്.
സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിന് കീഴിലുള്ള കാർഷിക സർവകലാശാല, പിഎം ശ്രീ പദ്ധതിയിലെ എതിർപ്പ് നിലനിൽക്കെ തന്നെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിയമനവും നടത്തിയിട്ടുണ്ട്. 2023 ജൂണിൽ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ നാല് വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി. തുടർന്ന് 2024 ഫെബ്രുവരിയിൽ നിയമനവും നടത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പോലും എൻഇപി നടപ്പാക്കാത്ത സാഹചര്യത്തിലാണ് കാർഷിക സർവ്വകലാശാലയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി പ്രവർത്തിപരിചയം കണക്കാക്കി അധ്യാപക നിയമനം നടത്തുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന പദവിയിൽ കഴിഞ്ഞ വർഷം നിയമനം നടത്തിയിരുന്നു.
ചെറുവയൽ രാമനെയാണ് പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി നിയമിച്ചത്. അദ്ദേഹത്തെ നിയമിച്ചത് പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിലെ എതിർപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് സി.പി.ഐ.എം അനുകൂല ജീവനക്കാർ പറയുന്നു. പൊതു സ്വീകാര്യനായ അദ്ദേഹത്തെ നിയമിച്ചതിലൂടെ എൻ.ഇ.പി കാർഷിക സർവകലാശാലയിലേക്ക് ഒളിച്ചുകടത്തിയെന്നാണ് ഉയരുന്ന ആരോപണം.
വെള്ളായണി, തൃശ്ശൂർ, പടനക്കാട്, അമ്പലവയൽ, കുമരകം എന്നിങ്ങനെ അഞ്ച് കാമ്പസുകളാണ് കാർഷിക സർവകലാശാലയുടെ കീഴിലുള്ളത്. എൻഇപി പ്രകാരം രണ്ടാമത്തെ ബാച്ചിന്റെ പഠനം ഇന്ന് ആരംഭിച്ചു.
Story Highlights: കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്.



















