തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവം അന്തർസംസ്ഥാന തർക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. കേരളത്തിനും തമിഴ്നാടിനും ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ നൽകിയിരിക്കുകയാണ് ട്രൈബ്യൂണൽ. മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിച്ച് ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
തിരുനെൽവേലി ജില്ലയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ എന്നീ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. ആർസിസി, ക്രെഡൻസ് തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചില ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാലിന്യം കൊണ്ടുവന്ന ലോറി ഡ്രൈവർ ഉൾപ്പെടെ നാലുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ദേശീയ ഹരിത ട്രിബ്യൂണൽ കർശന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് കേരളം മാലിന്യം തിരികെ എടുക്കാൻ തീരുമാനിച്ചത്. ഇതിനോടകം തമിഴ്നാട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. തിരികെ കൊണ്ടുവന്ന മാലിന്യം ക്ലീൻ കേരള കമ്പനി തരംതിരിക്കുകയും, കമ്പനിയുടെ വിവിധ ബയോസംസ്കരണ യൂണിറ്റുകളിൽ ഇവ സംസ്കരിക്കുകയും ചെയ്യും. ഇതിനിടെ, മാലിന്യം എങ്ങനെയാണ് ചെക്ക് പോസ്റ്റുകൾ കടന്നതെന്ന് വിശദീകരിക്കാൻ തമിഴ്നാടിനോട് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: National Green Tribunal directs Kerala and Tamil Nadu to resolve hospital waste dumping issue without interstate conflict.