ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഈ പ്രധാന തീരുമാനമെടുത്തത്. ലഹരിമരുന്ന് കടത്ത് തടയുന്നതിനായി എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കൊറിയർ, തപാൽ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന കർശനമാക്കും. പോലീസും എക്സൈസും സംയുക്തമായി പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ലഹരി ഉറവിടങ്ങൾ ഇല്ലാതാക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സമഗ്ര പദ്ധതി തയ്യാറാക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗം ചർച്ച ചെയ്യും.
ലഹരിവിരുദ്ധ പോരാട്ടത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും ഭാവി പരിപാടികളും യോഗം വിലയിരുത്തി. പൊലീസിന്റെ ഓപ്പറേഷൻ ഡീഹണ്ട്, എക്സൈസിന്റെ ക്ലീൻ സ്ലേറ്റ് തുടങ്ങിയ പദ്ധതികൾ ശക്തമാക്കാനും തീരുമാനിച്ചു. മന്ത്രിമാരും പൊലീസ്, എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Story Highlights: Kerala CM directs officials to strengthen enforcement measures to curb drug trafficking.