സർക്കാർ ജോലിയും കുടുംബ സ്വത്തുമുള്ള ചിലർക്ക് അത്യാഗ്രഹം മൂത്ത് സർക്കാരിനെ പറ്റിച്ച് പണം അടിച്ചുമാറ്റുന്ന പ്രവണത കണ്ടുവരുന്നു. ഇത്തരക്കാർ കൂടുതലായും പാവപ്പെട്ടവർക്കുള്ള സർക്കാർ സഹായത്തിൽ കൈവയ്ക്കുന്നതായി കണ്ടെത്തി. ധനവകുപ്പ് നടത്തിയ പരിശോധനയിൽ 1458 സർക്കാർ ഉദ്യോഗസ്ഥർ വിവിധ ക്ഷേമ പെൻഷനുകൾ അനധികൃതമായി കൈപ്പറ്റുന്നതായി കണ്ടെത്തി. ഇതിൽ പതിനായിരങ്ങൾ ശമ്പളമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ വരെയുണ്ട്.
ധനമന്ത്രി കെ.എൻ ബാലഗോപാൽ കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കാനും നിർദേശമുണ്ട്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ (373) ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും, മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയുർവേദ വകുപ്പിൽ 114 പേരും ഉൾപ്പെടുന്നു.
വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പെൻഷൻ പറ്റുന്നവരുടെ എണ്ണം വ്യത്യസ്തമാണ്. മൃഗസംരക്ഷണ വകുപ്പിൽ 74, പൊതുമരാമത്ത് വകുപ്പിൽ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46, ഹോമിയോപ്പതി വകുപ്പിൽ 41 എന്നിങ്ങനെയാണ് കണക്കുകൾ. ധനവകുപ്പ് തുടർ പരിശോധനകൾ നടത്തി അനർഹരെ ഒഴിവാക്കുകയും അർഹരായവർക്ക് കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
Story Highlights: 1458 government employees, including high-ranking officials, found illegally receiving welfare pensions in Kerala