ബലാത്സംഗക്കേസിൽ നടൻ മുകേഷിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാൻ തീരുമാനിച്ചു. സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുക. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുൻകൂർ ജാമ്യ ഉത്തരവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സർക്കാർ കരുതുന്നു. പതിനഞ്ച് വർഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ കാണാനാകില്ലെന്നും, വിശദമായ മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ടതാണെന്നും സർക്കാർ വിലയിരുത്തുന്നു. 19 പേജിൽ കേസിലെ വസ്തുതകൾ വിശദമായി ചർച്ച ചെയ്യേണ്ടിയിരുന്നില്ലെന്നും, കേസിന്റെ വിശദമായ വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ നൽകുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടും.
ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് മുകേഷിന് ജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നാണ് മുൻകൂർ ജാമ്യ ഉത്തരവിൽ പറയുന്നത്. പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Story Highlights: Kerala government seeks cancellation of actor Mukesh’s anticipatory bail in rape case