കേരളത്തിൽ ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കി പോലീസും എക്സൈസും. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. മട്ടാഞ്ചേരിയിൽ വൻതോതിൽ രാസലഹരിയെത്തിച്ച കേസിലെ മുഖ്യപ്രതി ആഷിഖിനെ മലപ്പുറത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒമാനിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. മാഗി ആഷ്ന എന്ന സ്ത്രീ വഴിയാണ് മയക്കുമരുന്ന് കടത്തിയത്. പത്തു പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.
ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ആഷിഖ്. കോഴിക്കോട് മുക്കത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കേസിൽ ഇരട്ടക്കുളങ്ങര സ്വദേശി അരവിന്ദാക്ഷനെതിരെ കേസെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്താണ് ഇയാൾ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പോലും ലഹരി വിൽപ്പന നടത്തുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് പോലീസും എക്സൈസും വ്യക്തമാക്കി.
ആലപ്പുഴയിൽ എംഡിഎംഎയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷും പിടിയിലായി. മൂവാറ്റുപുഴയിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്നുപേരെ എക്സൈസ് പിടികൂടി. പുന്നോപ്പടി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ നെടുപ്പുഴയിൽ വീട്ടിൽ നിന്ന് ലഹരി പിടികൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.
നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമാണ് ഇന്നലെ പിടികൂടിയത്. പത്തനംതിട്ടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നസീബ് സുലൈമാനെയും പിടികൂടി. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് നിരവധി പേർ പിടിയിലായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
Story Highlights: MDMA was brought to Mattancherry from Oman; 10 people arrested in the case