**കൊച്ചി◾:** സിനിമാ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. ഫ്ലാറ്റിന്റെ ഉടമയായ സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗിക്കാൻ സ്ഥലം നൽകുന്നതും കുറ്റകരമാണെന്ന് എൻഡിപിഎസ് ആക്ട് പ്രകാരം വ്യക്തമാണ്.
സമീർ താഹിറിന്റെ അറിവോടെയാണ് ലഹരി ഉപയോഗം നടന്നതെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടാൽ അദ്ദേഹത്തെയും പ്രതി ചേർക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി ഡയറക്ടർ ടി എം മജു അറിയിച്ചു. ഖാലിദ് റഹ്മാനും അഷറഫ് ഹംസക്കും കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് എക്സൈസിന്റെ തീരുമാനം. ചോദ്യംചെയ്യലിന് ഹാജരാകാൻ സമീറിന് ഉടൻ നോട്ടീസ് അയക്കും.
രണ്ടുമാസം മുൻപ് ഇതേ ഫ്ലാറ്റിൽ എക്സൈസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആലപ്പുഴയിൽ പിടിയിലായ തസ്ലീമയുമായി പ്രതികൾ ലഹരി ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് എക്സൈസ് സംഘം പരിശോധിച്ചുവരികയാണ്. ഹൈബ്രിഡ് കഞ്ചാവ് കൈമാറിയ ഇടനിലക്കാരന്റെ ചില വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സ്വന്തം പേര് വിവരങ്ങൾ മറച്ചുവെച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംവിധായകൻ ഖാലിദ് റഹ്മാൻ എക്സൈസിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും എക്സൈസ് പറയുന്നു.
Story Highlights: Directors Khalid Rahman and Ashraf Hamza were arrested for possession of hybrid cannabis, and further arrests are expected, with flat owner Sameer Tahir to be questioned.