മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന അത്താഴ വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. ക്ഷണിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
വിരുന്നിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്നാണ് ഗവർണർമാരുടെ വിലയിരുത്തൽ. ജനാധിപത്യത്തിൽ ശത്രുക്കളില്ല, രാഷ്ട്രീയ എതിരാളികൾ മാത്രമേയുള്ളൂ എന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന രീതി അപക്വമാണെന്നും ശ്രീധരൻ പിള്ള വിമർശിച്ചു. ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.
കേരള ഗവർണർക്കും മലയാളി ഗവർണർമാർക്കും വിരുന്ന് നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ഇന്ന് വൈകിട്ട് ക്ലിഫ് ഹൗസിലായിരുന്നു ഡിന്നർ നിശ്ചയിച്ചിരുന്നത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ കുടുംബസമേതം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു.
ബംഗാൾ, ഗോവ സംസ്ഥാനങ്ങളിലെ മലയാളി ഗവർണർമാരായ സി.വി.ആനന്ദബോസ്, പി.എസ്.ശ്രീധരൻ പിള്ള എന്നിവരെയും വിരുന്നിന് ക്ഷണിച്ചുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഗോവ ഗവർണർ വ്യക്തമാക്കി.
Story Highlights: Goa Governor P.S. Sreedharan Pillai clarifies he wasn’t invited to Kerala CM’s dinner, criticizes opposition leader’s statement.