തിരുവനന്തപുരം◾ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷനൽ മാനേജർ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. ടെക്നോപാർക്ക് ജീവനക്കാര് ഉൾപ്പെടെ പാർക്കിംഗ് ഫീസ് വർധന പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന തുകയുടെ ഇരട്ടിയിൽ അധികമാണ് പുതിയ വർധന. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ നിരക്കിനേക്കാൾ 30 മുതൽ 40 ശതമാനം കൂടുതലാണിത്.
വരുമാനം ഉണ്ടായിട്ടും റെയിൽവേയുടെ പട്ടികയിൽ ‘സി’ കാറ്റഗറിയിൽ പോലും സ്ഥാനം ഇല്ലാത്ത കഴക്കൂട്ടം സ്റ്റേഷൻ പാർക്കിങ് ‘എ’ കാറ്റഗറി യെക്കാൾ ഉയർന്ന തുകയാണ് ഈടാക്കുന്നതെന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. റെയിൽവേയുടെ നോൺ സബർബൻ ഗ്രൂപ്പിൽ (എൻഎസ്ജി) തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും കഴക്കൂട്ടത്തിനു അഞ്ചാം സ്ഥാനവും ആണുള്ളത്. സ്റ്റേഷൻ വരുമാനം വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കുന്നതിൽ കഴക്കൂട്ടം സ്റ്റേഷനിനോട് റെയിൽവേ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ് ആക്ഷൻ കൗൺസിൽ.
ഇരുചക്ര വാഹനങ്ങൾ സൂക്ഷിക്കുന്നതിന് 2024 ഡിസംബർ വരെ 300 രൂപയാണ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഒറ്റയടിക്ക് 100 രൂപയുടെ വർധനയുണ്ടായി. അതുപോലെ 28 മുതൽ 28 മണിക്കൂർ വരെ സൂക്ഷിക്കുന്നതിനു ഇരു ചക്ര വാഹനങ്ങൾക്ക് 50 രൂപയും കാറിനു 100 രൂപയും ആണ് 2024ൽ ഇടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് 60 രൂപയും കാറുകൾക്ക് 180 രൂപയും ആയി വർധിപ്പിച്ചിട്ടുണ്ട്. 48 മുതൽ 72 മണിക്കൂർ വരെ ഇരു ചക്ര വാഹനങ്ങൾ സൂക്ഷിക്കാൻ 110 രൂപയും കാറിനു 300 രൂപയും ആണ് ഇടാക്കുന്നത്.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സംവിധാനം വിപുലമാക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ സൂക്ഷിക്കുന്നിടത്ത് മേൽക്കൂരയോ സിസി ക്യാമറകളോ മറ്റു സംവിധാനങ്ങളോ ഇല്ല. പാർക്ക് ചെയ്യുന്ന സ്ഥലം കോൺക്രീറ്റ് പാകി വൃത്തിയാക്കുക പോലും ചെയ്യാതെയാണ് അമിത പാർക്കിങ് ഫീസ് പിരിക്കുന്നതെന്നാണ് വാഹനങ്ങൾ സൂക്ഷിക്കുന്നവർ പറയുന്നത്. കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തിങ്കളാഴ്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ കണ്ട് വിവരങ്ങൾ ധരിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
Story Highlights: Parking fee hike at Kazhakoottam railway station sparks protests, with demands for rollback from commuters and the Kazhakoottam Railway Development Action Council.