കഴക്കൂട്ടം◾ എക്സൈസ് സംഘം ടൗണിൽ നടത്തിയ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ഒരു കോടിയിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ആസ്സാം സ്വദേശി അജ്മൽ(27) അറസ്റ്റിലായി. മേനംകുളം ആറ്റിൻകുഴി ഭാഗത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ നിന്നാണ് ഒരു മിനി ലോറി നിറയെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഒരു കോടിയോളം രൂപ വില വരുമെന്ന് എക്സൈസ് സംഘത്തിന്റെ പ്രാഥമിക വിവരം. എക്സൈസ് നെയ്യാറ്റിൻകര റെയിഞ്ച് ഓഫിസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പാറശാല പായറ്റുവിള നിന്നും ആസ്സാം സ്വദേശി അജ്മൽ നിന്നും 30 കിലോ ഗ്രാം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് കഴക്കൂട്ടത്തെ വാടക വീടുകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് മേനംകുളത്ത് നടത്തിയ പരിശോധനയിൽ ബിപിസിഎല്ലിന് സമീപമുള്ള ഇരുനില വാടക വീട്ടിൽ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തുടർന്ന് ആറ്റിൻകുഴിയിലെ വാടക വീട് പരിശോധിക്കുമ്പോൾ വീടിന്റെ അടുക്കള ഭാഗത്തെ ഗോഡൗണിൽ നിരവധി ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഏതാണ്ട് അഞ്ഞൂറിലധികം ചാക്കുകളിൽ നിറച്ച പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ഇവയ്ക്ക് വിപണിയിൽ ഒരു കോടിയിലധികം വില വരും എന്ന് എക്സൈസ് സംഘം പറയുന്നു. പിടിയിലായ അജ്മലിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് എക്സൈസ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് എത്തുന്നതെന്നാണ് വിവരം. റോഡ് മാർഗമല്ലാതെ കാടിനുള്ളിലൂടെ തലച്ചുമടായും മറ്റും ഉൽപ്പന്നങ്ങൾ കേരളത്തിലെത്തിക്കും. എന്നിട്ട് പല സോഴ്സുകൾ ഉപയോഗിച്ച് വിൽപ്പന നടത്തുകയാണ് പതിവ്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ വിൽക്കാനും ചില സംഘങ്ങൾ സജീവമാണ്.
Story Highlights: Excise officials in Kazhakoottam seized illegal tobacco products worth over ₹1 crore and arrested one person.