കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട പാഠഭാഗം പഠിപ്പിക്കില്ലെന്നും സിലബസിൽ മാറ്റം വരുത്തിയ ശേഷം നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
സിലബസിൽ ആദ്യമുണ്ടായിരുന്ന കണ്ടെംപററി പൊളിറ്റിക്കൽ തിയറിയിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കുമെന്നും ഈ സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്നും വി.സി പ്രതികരിച്ചു. ഈ മാസം 29ന് ചേരുന്ന അക്കാദമിക് സമിതി യോഗത്തിൽ സിലബസിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി വിലയിരുത്തും.
കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാംസെമസ്റ്റർ പാഠ്യപദ്ധതിയിലെ ആശയങ്ങളാണ് വിവാദ വിഷയമായത്.
സർവകലാശാല കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന ആക്ഷേപം.
തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന വിഷയത്തിന്റെ രണ്ടാം ഭാഗത്തിൽ ഹിന്ദുത്വ ആശയങ്ങളെപ്പറ്റിയുള്ള ഭാഗത്ത് വി.ഡി.സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഥോക്ക് തുടങ്ങിയവരുടെ പുസ്തകങ്ങളിലെ ആശയങ്ങൾ ഉൾപ്പെടുത്തിയതു മൂലമാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
Story highlight : Kannur University Controversial part of syllabus will be removed says Vice Chancellor.