കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയിലായവരുടെ മൊഴികളിൽ പൂർണ്ണമായി വിശ്വാസമില്ലെന്നും കൂടുതൽ തെളിവുകൾക്കായി അന്വേഷണം ഊർജിതമാക്കുമെന്നും തൃക്കാക്കര എസിപി അറിയിച്ചു. കഞ്ചാവ് കൈമാറ്റത്തിൽ പൂർവ്വ വിദ്യാർത്ഥികളായ രണ്ട് പേർക്ക് നേരിട്ട് പങ്കുണ്ടെന്നും ഇവർ തന്നെയാണ് കഞ്ചാവ് വിതരണം ചെയ്തതെന്നും എസിപി സ്ഥിരീകരിച്ചു.
കോളേജിലെ ലഹരി ഉപയോഗത്തിന്റെ പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. കോളജിൽ നിന്നുള്ള ഡിമാൻഡ് കാരണമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവരുടെ മൊഴി. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകം പ്രധാന കണ്ണികളെ പൊലീസ് പിടികൂടി.
പിടിയിലായ പൂർവ്വ വിദ്യാർത്ഥികളായ ആഷിഖും ഷാരിഖും മുൻ കെഎസ്യു പ്രവർത്തകരാണ്. ഷാരീഖ് മുൻ കെഎസ്യു യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. കഞ്ചാവ് എത്തിച്ചത് ആഷിഖ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന് സൂചന നൽകി കോളേജ് പ്രിൻസിപ്പാൾ മാർച്ച് 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും പ്രിൻസിപ്പാൾ കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ കത്ത് ലഹരി കേസിൽ നിർണായകമായി.
ആകാശിന്റെ മുറിയിൽ ഉണ്ടായിരുന്ന ആദിലിനും അനന്തുവിനും കഞ്ചാവ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിവില്ലെങ്കിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് എസിപി വ്യക്തമാക്കി. കഞ്ചാവ് കൈമാറ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Two former KSU activists arrested in Kalamassery Polytechnic College hostel drug bust.