മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ നേരിട്ട് ഹാജരായേക്കും. കാസർകോട് ജില്ല ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നു.
നിയമനടപടികളിൽ നിന്നും ഒളിച്ചോടേണ്ടതില്ലെന്ന ബിജെപിയുടെ പരസ്യനിലപാടിലാണ് കെ. സുരേന്ദ്രൻ. കേസ് രജിസ്റ്റർ ചെയ്ത് മൂന്നുമാസം കഴിയവെയാണ് കെ. സുരേന്ദ്രനെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.
തിരഞ്ഞെടുപ്പിൽ മത്സരിച്ച മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി വി.വി രമേശൻ നൽകിയ പരാതിയിലാണ് കെ സുരേന്ദ്രനെ പ്രതിചേർത്തത്.
കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കെ സുരേന്ദ്രനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന് കെ സുന്ദര ആരോപിച്ചിരുന്നു. തുടർന്ന് കേസിൽ സുന്ദരയുടെയും ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് മറ്റ് ബിജെപി പ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
Story Highlights: K Surendran will appear before police tomorrow