കേരളത്തിലെ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ നടത്തിയ പ്രസ്താവന വലിയ ചർച്ചയാകുന്നു. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മുഖവും നട്ടെല്ലുമില്ലാത്ത ഭീരുക്കളാണെന്ന് അദ്ദേഹം വിമർശിച്ചു. ഭരണകക്ഷിക്കെതിരെ വസ്തുതകൾ പറയുമ്പോഴാണ് സൈബർ അണികളുടെ വിമർശനം ഉണ്ടാകുന്നതെന്നും കമാൽ പാഷ ചൂണ്ടിക്കാട്ടി.
സർക്കാരിനെ വിമർശിച്ചാൽ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടി അസഭ്യം പറയാൻ നൂറ് പേരെ പണം കൊടുത്തു നിയമിച്ചിട്ടുണ്ടെന്നും കമാൽ പാഷ ആരോപിച്ചു. ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴും, വിരമിച്ച ശേഷവും താൻ കടുത്ത സൈബർ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആരോഗ്യകരമായ വിമർശനം നടത്തിയപ്പോൾ തന്റെ സുരക്ഷാ സംവിധാനം സർക്കാർ പിൻവലിച്ചതായും കമാൽ പാഷ പറഞ്ഞു. സാധാരണക്കാർക്ക് മുഖമില്ലാത്തവർക്കെതിരെ പരാതി നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യങ്ങൾ പരിധിവിട്ടു പോവുകയാണെന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ ആളുകൾ സോഷ്യൽ മീഡിയയെ വെറുത്തു തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈബർ അധിക്ഷേപം കാരണം സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായും കമാൽ പാഷ ചൂണ്ടിക്കാട്ടി. എന്നാൽ എത്ര വിമർശനം ഉണ്ടായാലും ആരോഗ്യപരമായ വിമർശനങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്ന് ജസ്റ്റിസ് കമാൽ പാഷ ഉറപ്പിച്ചു പറഞ്ഞു.
Story Highlights: Former High Court Justice Kamal Pasha criticizes cyber attackers as cowards without face or spine