ലൗ ജിഹാദ് ആരോപണവും വധഭീഷണിയും മൂലം ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കേരളത്തിൽ അഭയം തേടി. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ, ഫെബ്രുവരി 11 ന് ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹിതരായ മുഹമ്മദ് ഗാലിബും ആശ വർമ്മയും ജാർഖണ്ഡിലെ ചിത്തപ്പൂരിൽ നിന്നാണ് കായംകുളത്തേക്ക് എത്തിയത്. കുടുംബത്തിനെതിരെയും വധഭീഷണിയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. പ്രായപൂർത്തിയായവരായതിനാൽ ഇരുവർക്കും സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി ഉറപ്പ് നൽകി.
ആശ വർമ്മയുടെ കുടുംബം കഴിഞ്ഞ മാസം 45കാരനുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ് വിദേശത്തുനിന്ന് മുഹമ്മദ് ഗാലിബ് നാട്ടിലെത്തി. എന്നാൽ, ഇതര മതസ്ഥരായതിനാൽ ഇരു കുടുംബങ്ങളും വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ലൗ ജിഹാദ് ആരോപണം ഉയർന്നുവെന്നും പ്രദേശത്ത് സംഘർഷ സാധ്യതയുണ്ടായെന്നും ദമ്പതികൾ പറയുന്നു.
മുഹമ്മദ് ഗാലിബിനൊപ്പം ഗൾഫിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിയായ സുഹൃത്താണ് കേരളത്തിലേക്ക് വരാൻ നിർദ്ദേശിച്ചത്. ഫെബ്രുവരി 9ന് കേരളത്തിലെത്തിയ ഇരുവരും അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ സംരക്ഷണം തേടി റിട്ട് ഹർജി ഫയൽ ചെയ്തു. ആലപ്പുഴയിൽ തന്റെ ബന്ധുക്കളെന്ന പേരിൽ എത്തിയവർ ഗുണ്ടകളാണെന്ന് ആശ വർമ്മ ആരോപിച്ചു.
ആശ വർമ്മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ചിത്തപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കൾ പൊലീസുമായി കായംകുളത്ത് എത്തിയെങ്കിലും ഇരുവരും മടങ്ങാൻ തയ്യാറായില്ല.
Story Highlights: A Jharkhand couple sought refuge in Kerala due to alleged love jihad and death threats.