ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധിയെഴുതും. അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിനെത്തി സംസാരിച്ചു. കോൺഗ്രസും നാഷണൽ കോൺഫറൻസും ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അനുച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
PDP നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്ത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ് മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഭീകരാക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാ ഏജൻസികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് സെപ്തംബർ 25 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.
Story Highlights: Jammu and Kashmir Assembly Elections: First phase campaign ends, voting in 24 constituencies on Wednesday