ഡൽഹി◾: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് അമിത് ഷാ ഉത്തരവിട്ടു. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും അമിത് ഷാ നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിക്കുകയും നിലവിലെ സ്ഥിതിഗതികൾ അമിത് ഷാ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ സ്ഫോടനമല്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് സുരക്ഷാസേന 10 മിനിറ്റിനകം എത്തിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്എസ്എല്ലിനൊപ്പം എൻഎസ്ജി, എൻഐഎ എന്നിവയും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. സ്ഫോടനത്തിൽ കാൽനടയാത്രക്കാർക്കും പരുക്കേറ്റു. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും അമിത് ഷാ അറിയിച്ചു.
രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സ്ഫോടനത്തിൽ 10 പേർ മരിച്ചതായാണ് വിവരം. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയതായി ഡിജിപി റാവേഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാ വസ്തുക്കളും പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് പട്രോളിങ് വർദ്ധിപ്പിച്ചു.
Story Highlights : Home Minister Amit Shah about To Delhi Blast



















