കോഴിക്കോട് പൂവ്വാട്ട്പറമ്പ് കുറ്റിക്കാട്ടൂര് പുത്തൂര്മഠം പ്രദേശങ്ങളില് ജനങ്ങളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിലായി. മായനാട് താഴെചാപ്പങ്ങാതോട്ടത്തില് സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കല് സ്വദേശി സുഫിയാന് (37) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 30ഓളം കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്തെ മുപ്പതോളം വീടുകളില് നിന്നായി നൂറിലധികം പവന് സ്വര്ണവും ലക്ഷക്കണക്കിന് രൂപയും കവര്ച്ച ചെയ്ത സാലു മുന്പ് നൂറോളം മോഷണ കേസുകളില് പ്രതിയാണ്. നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഓരോ മോഷണത്തിനു ശേഷവും ഗുണ്ടല്പേട്ടയിലെ ഒളിത്താവളത്തിലേക്ക് കടന്ന് അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കള് വില്പ്പന നടത്തുകയായിരുന്നു പതിവ്. ചൂതാട്ടത്തിനും ആര്ഭാട ജീവിതത്തിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഡെപ്യൂട്ടി കമ്മീഷണര് അങ്കിത് സിംഗ് IPS-ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല് ആക്ഷന്ഗ്രൂപ്പും മെഡിക്കല് കോളേജ് ACP ഉമേഷിന്റെ നേതൃത്വത്തില് ഇന്സ്പെക്ടര് ജിജീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകള്ക്ക് തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു. ഈ അറസ്റ്റോടെ പ്രദേശത്തെ മോഷണ പരമ്പരകള്ക്ക് അറുതി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Notorious interstate thief and accomplice arrested in Kozhikode, involved in over 30 cases