തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഡൽഹിയിൽ നിന്നും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ സുബിൻ എന്ന കാളിദാസിനെ (23) പിടികൂടിയത്. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ബി.കെ. സുനിൽകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പുതിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. സന്തോഷ് തുടർനടപടികൾ സ്വീകരിച്ചു. എസ്ഐ അജി ജോസ്, എഎസ്ഐ ജയകുമാർ, എസ്സിപിഒമാരായ അഖിലേഷ്, മനോജ് കുമാർ, അവിനാഷ്, സിപിഒ ടോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഡൽഹിയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയത് ഡൽഹിയിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള ബദർപൂരിലായിരുന്നു.
ഫരീദാബാദിലെത്തിയ പോലീസ് സംഘം അവിടുത്തെ മലയാളി അസോസിയേഷന്റെ സഹായം തേടി. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ സുഹൃത്തുക്കളായിരുന്നു അസോസിയേഷൻ ഭാരവാഹികളിൽ പലരും. ഇവർ പോലീസിന് താമസ സൗകര്യവും മറ്റും ഒരുക്കി നൽകി. ലഭിച്ച ലൊക്കേഷനിലെത്താൻ 18 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നതിനാൽ അസോസിയേഷൻ ഭാരവാഹികൾ രണ്ട് സ്കൂട്ടറുകൾ സംഘടിപ്പിച്ചു നൽകി.
ബദർപൂരിലെത്തിയ പോലീസ് സംഘം അമ്പരന്നു. കടലു പോലെ വിശാലമായ ചേരി പ്രദേശത്ത് നിന്ന് പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. ബീഹാറികൾ, ബംഗാൾ സ്വദേശികൾ, നേപ്പാളികൾ തുടങ്ങി വിവിധ വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ചേരിയിൽ നിന്ന് പ്രതിയെ കണ്ടെത്തുക ദുഷ്കരമായിരുന്നു. കാളിദാസിനെ നാടുവിടാൻ സഹായിച്ചത് അമ്മാവൻ ഡെന്നിയായിരുന്നു.
ശ്രമകരമായ അന്വേഷണത്തിനൊടുവിൽ ഡെന്നിയുടെ വീട് കണ്ടെത്തിയെങ്കിലും അയാൾ ജനുവരി ഒന്നിന് മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്. പ്രതിയുടെ ഫോൺ കോണ്ടാക്ടുകളിൽ ഹരിയാന, ഡൽഹി ഭാഗങ്ങളിലെ ആരുടെയും വിവരങ്ങളില്ലായിരുന്നു. എല്ലാം മലയാളികളുടെ നമ്പറുകളായിരുന്നു. കേരളത്തിലെ ആരെയെങ്കിലും വിളിച്ചാൽ പോലീസ് സാന്നിധ്യം അറിഞ്ഞ് പ്രതി രക്ഷപ്പെടുമെന്ന് ഭയന്നു.
ഡെന്നിയുടെ ഭാര്യയെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. മൂന്നാം ദിവസം പ്രതിക്ക് താമസ സൗകര്യം ഒരുക്കിയ റോയിയെന്നയാളെ കണ്ടെത്താനായി. ബദർപൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയുടെ ഒളിയിടം കണ്ടെത്തി. ഒരു കടയിൽ എല്ലാ ദിവസവും വൈകിട്ട് പ്രതി ബീഡി വലിക്കാനും ചായ കുടിക്കാനും വരുമെന്ന് മനസ്സിലാക്കി. കടയുടമയെ ഫോട്ടോ കാണിച്ച് പ്രതിയെ ഉറപ്പിച്ചു. രാത്രി ഒമ്പത് മണിയോടെ കടയിലെത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടി. എട്ടു മാസത്തെ നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Story Highlights: A 17-year-old girl was kidnapped and repeatedly assaulted after befriending the accused on Instagram.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ