ട്രെയിൻ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് അറുതി വരുത്താൻ റെയിൽവേ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ എന്ന പേരിൽ ഒരു പുതിയ ആപ്ലിക്കേഷൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ ആപ് വികസിപ്പിച്ചിരിക്കുന്നത്.
നിലവിൽ ട്രെയിൻ ടിക്കറ്റ് എടുക്കുന്നത് ഒരു ചടങ്ങ് പോലെയാണ്. സ്റ്റേഷനിൽ നീണ്ട നിരയും, ഐആർസിടിസി ആപ്പിൽ സർവർ പിഴവുകളും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. എന്നാൽ പുതിയ സൂപ്പർ ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ് മുതൽ ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഐആർസിടിസിയുടെ നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം.
റെയിൽവേയുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവും നേടിയിരുന്നു. റെയിൽവേയുടെ മൊത്തം വരുമാനത്തിന്റെ 30.33 ശതമാനം ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ആപ് വികസിപ്പിക്കാനുള്ള തീരുമാനം.
Story Highlights: Indian Railways to launch ‘Super App’ for seamless train ticket booking and onboard services